ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആറു ജില്ലകളിലെ 26 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. 239 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു-കശ്മീർ കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ.
ബുധ്ഗാമിലും ഗന്ദർബാലിലും മത്സരിക്കുന്ന ഉമർ അബ്ദുല്ല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മൂന്നു തലമുറകളായി അബ്ദുല്ല കുടുംബത്തിന്റെ മണ്ഡലമായ ഗന്ദർബാലിൽ ഉമർ അബ്ദുല്ലയുടെ നില ഭദ്രമല്ല. ബുധ്ഗാമിൽ പി.ഡി.പിയിലെ ആഗ സയ്യിദ് മുൻതസിറാണ് പ്രധാന എതിരാളി.
ജയിലിലുള്ള വിഘടനവാദി നേതാവ് സർജൻ അഹ്മദ് വാഗയും ഗന്ദർബാലിൽ ഉമർ അബ്ദുല്ലക്കെതിരെ രംഗത്തുണ്ട്. സർജൻ അഹ്മദ് ഭീർവഹ് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്. ഈയിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ല ബാരാമുല്ല മണ്ഡലത്തിൽനിന്ന് പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ് രവീന്ദർ ജെയിനിന്റെ രാഷ്ട്രീയ ഭാവിയും നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്.