X

കാണാതായവരെ തേടി ദുര്‍ഘട മേഖലകളിലും തിരച്ചില്‍; നൂറിലേറെ പേര്‍ ഇപ്പോഴും കാണാമറയത്ത്; മരണം 400 കടന്നു

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി എട്ടാം നാളിലും ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

ഉരുള്‍പൊട്ടല്‍ ഏറ്റവും നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്നും തിരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ദൗത്യസംഘം കടന്നെത്താത്ത സ്ഥലങ്ങളിലും തിരച്ചില്‍ നടത്തും. പുന്നപ്പുഴ വഴി മൃതദേഹങ്ങള്‍ ഒഴുകിപ്പോയി എന്നു കരുതുന്ന മേഖലകളിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയില്‍ സണ്‍റൈസ് വാലി അടക്കമുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കും.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് സൈനിക സംഘങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ അവിടേയ്ക്ക് എത്തിക്കാനായിട്ടില്ല. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയിലുള്ള തിരച്ചില്‍ അതിസാഹസികമായിട്ടുള്ളതാണ്. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ കടന്നുവേണം പോത്തുകല്ലിലെത്താന്‍.നിലമ്പൂര്‍, മേപ്പാടി വനം ഡിവിഷനുകള്‍ക്ക് കീഴിലാണ് പ്രദേശങ്ങള്‍. വന്യമൃഗങ്ങള്‍ ധാരാളമായി കാണപ്പെടുന്ന മേഖലയാണിത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണല്‍ ഋഷി രാധാകൃഷ്ണനാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 402 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാര്‍ പുഴയില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. മൂന്നാംഘട്ട തിരച്ചിലിലാണ് ചാലിയാറില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. അതിനാല്‍ ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. മണ്‍തിട്ടകള്‍ക്ക് അടിയില്‍ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരച്ചില്‍ അവസാനഘട്ടത്തിലാണെന്നും, വില്ലേജ് കേന്ദ്രീകരിച്ചാണ് തിരച്ചില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

webdesk13: