സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് സർവീസസ്. സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും വാശിയോടെ പൊരുതിയെങ്കിലും ഗോവക്ക് ഗോൾ നേടാനായില്ല.
മിസോറമിനെതിരായ സെമിയിൽ നിന്ന് ഒരു മാറ്റത്തോടെയാണ് സർവീസസ് കളത്തിലിറങ്ങിയത്. സെമിയിൽ 88-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഡിഫൻഡർ സോഥാൻപുയിയക്ക് പകരം വിവേകാനന്ദ സഗായരാജ് ആദ്യ ഇലവനിലെത്തി.
മിഡ്ഫീൽഡർ ലോയ്ഡ് കാർഡോസോയ്ക്ക് പകരം ഗോളടിയന്ത്രം നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസിനെയും പ്രതിരോധത്തിൽ ജോസഫ് ക്ലെമെന്റെയ്ക്ക് പകരം ജോയൽ കൊളാസോയേയും ഉൾപ്പെടുത്തി 4-4-2 ഫോർമേഷനിലാണ് ഗോവ ഇറങ്ങിയത്.
ഗോവ മുന്നേറ്റങ്ങൾ ശക്തമാക്കിയതോടെ സർവീസസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 15-ാം മിനിറ്റിൽ മികച്ചൊരു അവസരം കിട്ടിയെങ്കിലും ഗോവയ്ക്ക് ലീഡെടുക്കാനായില്ല. 43-ാം മിനിറ്റിൽ ഫഹീസിന്റെ ക്രോസിൽ നിന്നുള്ള നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസിന്റെ ഷോട്ട് അബ്ദുൾ ഖാദിർ പിടിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്തും ഗോവ ഗോളിനടുത്തെത്തി. ലക്ഷ്യത്തിലെത്തിക്കാനാകാതെ വന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. ഗോൾ കണ്ടെത്താനായി മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 67-ാം മിനിറ്റിൽ ഗോവയെ ഞെട്ടിച്ച് സർവീസസ് മുന്നിലെത്തി. പി പി ഷഫീലാണ് സർവീസസിനായി വലകുലുക്കിയത്. രാഹുൽ രാമകൃഷ്ണന്റെ പാസിൽ ഗോവൻ ബോക്‌സിന് 22-വാര അകലെ നിന്നുള്ള ഷഫീലിന്റെ ഷോട്ട് ഗോവൻ ഗോളിയ്ക്ക് തടയാനായില്ല.
ഗോൾ വഴങ്ങിയതിന് പിന്നാലെ ഗോവ ആക്രമണങ്ങൾ കടുപ്പിച്ചു. പലതവണ സർവീസസ് ബോക്‌സിൽ താരങ്ങൾ കയറിയിറങ്ങി. നിരവധി ഷോട്ടുകളുമുതിർത്തു. എന്നാൽ സർവീസസ് പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.