X

തെലങ്കാനയില്‍ സ്‌കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാര്‍ ആക്രമണം; മലയാളി വൈദികന് മര്‍ദനം, മദര്‍ തെരേസാ രൂപം അടിച്ചുതകര്‍ത്തു

തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പിറ്റേ ദിവസമാണ് ഇത്തരത്തില്‍ വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

സ്‌കൂളിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവന്‍ അക്രമികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

webdesk13: