X
    Categories: indiaNews

സംഭാല്‍ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ; ‘സർവേ ഉത്തരവ് സ്റ്റേ ചെയ്യണം’

സര്‍വേ നടപടിക്കെതിരെ ഉത്തര്‍പ്രദേശിലെ സംഭാല്‍ ജമാമസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍. മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ ജില്ലാകോടതിയുടെ ഉത്തരവിനെതിരെയാണു ഹരജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.

സര്‍വേ സ്‌റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ തുടരുന്നു.

മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ 8 പേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്‌ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.

കഴിഞ്ഞയാഴ്ച പള്ളിയില്‍ ആദ്യ സര്‍വേ നടന്ന ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെയും വീണ്ടും ഉദ്യോഗസ്ഥസംഘവും പൊലീസും സ്ഥലത്തെത്തി. ഇതോടെയാണ് മുസ്‌ലിംകള്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുമുണ്ടായി. പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

webdesk13: