സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുറച്ച് കാലമായുണ്ടായിരുന്ന ഒരു സംശയമാണ് രാജ്യത്തിന്റെ ഭരണഘടന വല്ല കുന്തവും കുടച്ചക്രവുമാണോ എന്നത്. സംഗതി സംശയമാണോ ഇനി മന്ത്രി അങ്ങിനെയാണോ ധരിച്ചുവെച്ചിരിക്കുന്നത് എന്നൊന്നും അറിയില്ലെങ്കിലും ഇതിന്റെ പേരില്‍ എന്തായാലും ടിയാന്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. എന്താണ് കുന്തവും കുടച്ചക്രവും തമ്മിലുള്ള ബന്ധം?. എന്തിനെക്കുറിച്ചാണോ നിങ്ങള്‍ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല, അല്ലെങ്കില്‍ വിലവെക്കുന്നില്ല അതുമല്ലെങ്കില്‍ നിങ്ങള്‍ അതിനെ മതിക്കുന്നില്ല, പരസ്പര ബന്ധമില്ലാത്തത് എന്നൊക്കയാണ് ഈ പ്രയോഗത്തിന്റെ അര്‍ഥം. കുന്തം, കുടച്ചക്രം എന്നീ വാക്കുകളുടെ അര്‍ഥത്തിന് അപ്പുറത്തേക്ക് ഏത് സാഹചര്യത്തില്‍ ഈ വാക്കുകള്‍ ഒരുമിച്ച് പ്രയോഗിക്കുന്നു എന്നിടത്താണ് ഈ പ്രയോഗത്തിന് അര്‍ഥം ഉണ്ടാവുന്നത്. കുന്തം എന്നത് മന്ത്രി ആയുധമായിട്ടാണോ ഇനി അതോ സംഘികള്‍ അവകാശപ്പെടുന്ന ആദ്യ വിമാനമായ പുഷ്പക വിമാനത്തിനും ശാസ്ത്രീയമായി ആദ്യം പറന്ന റൈറ്റ് സഹോദരന്‍മാര്‍ക്കും മുമ്പേ കുന്തത്തില്‍ പറന്ന ലുട്ടാപ്പിയുടെ കുന്തമാണോ ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ആയുധത്തേക്കാളും ലുട്ടാപ്പിയുടെ കുന്തമാവാനാണ് സാധ്യത. കാരണം പാര്‍ട്ടിയുടെ ഒരു രാജ്യസഭാ എം.പി ഏത് തിരഞ്ഞെടുപ്പ് വന്നാലും പ്രചാരണം നടന്നയുടന്‍ എയറില്‍ പോകുന്നതിനാല്‍ ലുട്ടാപ്പിയുടെ കുന്തം പാര്‍ട്ടിയുടെ ഔദ്യോഗിക കുന്തമാണ് താനും. ഇനി കുടച്ചക്രം എന്നൊന്നില്ലെന്ന് ആരും കരുതേണ്ട. ശബ്ദതാരാവലിയുടെ 2011 ല്‍ പരിഷ്‌കരിച്ച പതിപ്പില്‍ പോലും ഇല്ലാത്ത വാക്കാണ് കുടച്ചക്രം. എന്നാല്‍ അതിന് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടുതാനും. സജി ചെറിയാന്റെറെ കുടച്ചക്രമേതാണെന്ന് അറിയില്ലെങ്കിലും കുടച്ചക്രം എന്ന ഒരു വസ്തു ശരിക്കും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ശീലക്കുടയേക്കാള്‍ പണ്ട് ഉപയോഗിച്ചിരുന്ന ഓലക്കുടയുമായാണ് ഈ വാക്ക് കുടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഓലക്കുടയുടെ കാലും പിടിയും അതിന് മുകളിലെ ഓല തുന്നിക്കെട്ടാ നുള്ള ഭാഗവും ചേര്‍ന്നതാണ് കുടച്ചക്രം. വിഷുവിനും ദീപാവലിയ്ക്കും ഒക്കെ കത്തിയ്ക്കുന്ന നിലച്ചക്രത്തിനും ചില സ്ഥലങ്ങളില്‍ കുടച്ചക്രം എന്ന് പറയാറുണ്ട്.
സംഗതി ഇവ്വിതമാണെങ്കിലും രാജ്യത്തിന്റെ പരമ പ്രധാനമായ ഭരണഘടനയെ നിന്ദിച്ച മന്ത്രി, വഹിക്കുന്ന വകുപ്പ് സാംസ്‌കാരിക വകുപ്പായതിനാലും ശരിക്കും പെട്ടിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. മന്ത്രിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ആളുടെ പേരും ഊരും നോക്കി മാത്രം കേസെടുക്കുന്ന പിണറായി പൊലീസ് മുമ്പ് അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ തട്ടിക്കുട്ടി കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് ഹൈക്കോടതി പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാന പൊലീസ് മേധാവി, ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യനും സംഘികള്‍ക്കും ഒരു പോലെ വിശ്വാസ്യതയുള്ളവരൊഴിച്ച് വിശ്വാസ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടോ എന്ന കാര്യം കേരളത്തില്‍ ഈയിടെയായി അത്യാവശ്യം ഒരു ഗവേഷണം തന്നെ നടത്താന്‍ സ്‌കോപ്പുള്ളതാണ്. 2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ പരാമര്‍ശങ്ങള്‍ മന്ത്രി കെട്ടഴിച്ചു വിട്ടത്. ഭരണഘടനയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അന്ന് മന്ത്രി നടത്തിയത്. ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും അനന്തരം മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്കുവരെയും നയിച്ചിരുന്നു. പക്ഷേ പിന്നീട് പീഡനത്തിന് വരെ തീവ്രത അളന്ന് ആളുകളെ കേസില്‍ നിന്നും മോചിപ്പിക്കാന്‍ കഴിവുള്ള സി.പി.എമ്മിന്റെ അന്വേഷണ സിങ്കങ്ങള്‍ ഇതേ സജി ചെറിയാനെ തന്നെ വീണ്ടും മന്ത്രിയായി അവരോധിക്കുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് അവകാശപ്പെട്ട് 90 കളില്‍ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചിരുന്ന ടീംസിന് ഇപ്പോഴും പഴയ ഹാങോവര്‍ വിട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മന്ത്രിയുടെ അന്നത്തെ വിവാദ പ്രസംഗം. ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ അന്ന് പറഞ്ഞിരുന്നു.
ഫ്രെയിം ചെയ്ത് സൂക്ഷിക്കേണ്ടതായിരുന്നു അന്നത്തെ വാക്കുകള്‍. ഭരണഘടനയെത്തൊട്ടുള്ള കളിയായതിനാല്‍ സ്വന്തം പാര്‍ട്ടിക്കുപോലും പിന്തുണക്കാനാവുന്ന സ്ഥിതിയായിരുന്നില്ല. നിയമസഭയിലും പുറത്തും ഇതേച്ചൊല്ലി പ്രതിഷേധങ്ങളുണ്ടായി. ഒടുവില്‍ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന യോഗത്തിനൊടുവില്‍ സജി ചെറിയാന്‍ രാജിവെയ്ക്കട്ടെ എന്ന നിലപാടിലെത്തി. ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് സജി ചെറിയാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിച്ചേര്‍ന്നത്. അതോടെ ആറുമാസത്തെ ഇടവേളയ്ക്കുശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇപ്പോള്‍ കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പഴയ നിലപാടല്ല മന്ത്രിക്കും പാര്‍ട്ടിക്കും. മന്ത്രിസ്ഥാനത്ത് തന്നെ അള്ളിപ്പിടിച്ചിരുന്നു കൊണ്ട് ഉന്നതമായ രാഷ്ട്രീയ ധാര്‍മികതയൊന്നും ഇപ്പോള്‍ ആവശ്യമില്ലെന്നാണ് പാര്‍ട്ടി പറയാതെ പറയുന്നത്.