കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ക്കുന്ന സ്‌നേഹ സദസ്സ് ഇന്ന് വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍. തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നടന്ന സുഹൃദ് സംഗമങ്ങളില്‍ സംബന്ധിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ വിശിഷ്ടാഥികളായി പങ്കെടുക്കുമെന്ന് മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഗീയതയ്ക്കും വിഭാഗീയതക്കും എതിരായ ക്യാമ്പയിന്റെ ഭാഗമായിരുന്നു 2023ല്‍ നടന്ന സുഹൃദ് സംഗമങ്ങള്‍. സമൂഹത്തില്‍ ഇന്ന് ഏറെ ആവശ്യമുള്ള സൗഹൃദത്തിന് വേണ്ടിയാണ് സാദിഖലി തങ്ങള്‍ കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പരമോന്നത വ്യക്തിത്വങ്ങളാണ് ഈ സംഗമങ്ങളില്‍ സംബന്ധിച്ചത്. വീണ്ടുമൊരു ഒത്തുചേരല്‍ അവരെല്ലാം ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് സ്‌നേഹ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമുദായങ്ങള്‍ തമ്മിലും സമുദായത്തിനകത്തും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന നിലപാടുമായി മുസ്‌ലിംലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഹൃദ്‌സംഗമങ്ങളുടെ സമ്പൂര്‍ണ വിവരങ്ങളുമായി പുറത്തിറക്കിയ, അന്തരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇ. സാദിഖലി എഡിറ്റ ചെയ്ത പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
മത, സാംസ്‌കാരിക, സാമൂഹിക മേഖലകിളിലെ പ്രമുഖര്‍ക്ക് പുറകെ മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും പോഷക സംഘടനകളില്‍ നിന്ന് നിശ്ചിത പ്രതിനിധികളും കെ.എം.സി.സി നേതാക്കളും ജന പ്രതിനിധികളുമാണ് സ്‌നേഹ സദസ്സില്‍ പങ്കെടുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, അഡ്വ. മുഹമ്മദ് ഷാ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരും സംബന്ധിച്ചു.