ഉത്തര്‍പ്രദേശിലെ ഘോസി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടി. സിറ്റിങ് എം.എല്‍.എയായിരുന്ന ധാരാ സിങ് ചൗഹാന്‍ സ്ഥാനം രാജിവെച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതും പിന്നീട് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വലിയ രീതിയില്‍ തോല്‍വിയേറ്റുവാങ്ങിയതും.
2022ല്‍ എസ്.പിയുടെ ചിഹ്നത്തില്‍ മത്സരിച്ചാണ് ധാരസിങി എം.എല്‍.എയായത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മറുകണ്ടം ചാടി ഭരണപക്ഷമായ ബി.ജെ.പിയിലെത്തി. സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. സമാജ് വാദി പാര്‍ട്ടിയുടെ സുധാകര്‍ സിങ്ങാണ് ധാരാ സിങ്ങിനെതിരെ മത്സരിച്ചത്. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 42,759 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ സുധാകര്‍ സിങ് വിജയക്കൊടി പാറിച്ചു.
സുധാകര്‍ സിംഗ് 1,24,427 വോട്ടുകള്‍ നേടിയപ്പോള്‍ ധാരാ ചൗഹാന് 81,668 വോട്ടുകള്‍ ലഭിച്ചു. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ഘോസിയില്‍ 50.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 10 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ച ധാരാ ചൗഹാന്‍ ജൂലൈയില്‍ എസ്പിയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് ഘോസി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ധാരാസിങ്ങിനെ തന്നെ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം. 2022ല്‍ ധാരാ ചൗഹാന്‍ 22,216 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് കുമാര്‍ രാജ്ഭറിനെ പരാജയപ്പെടുത്തിയിരുന്നു.
എന്‍ഡിഎ ഘടകകക്ഷികളായ അപ്നാ ദള്‍ (സോനേലാല്‍), നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദള്‍ (നിഷാദ്) പാര്‍ട്ടി, മുന്‍ എസ്പി സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) എന്നിവരുടെ പിന്തുണയോടെയാണ് മത്സരിച്ചത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എല്‍ഡി, എഎപി, സിപിഐ(എംഎല്‍)ലിബറേഷന്‍, സുഹേല്‍ദേവ് സ്വാഭിമാന്‍ പാര്‍ട്ടി എന്നിവ സുധാകര്‍ സിംഗിനും പിന്തുണ നല്‍കി. മികച്ച ഭൂരിപക്ഷമുള്ള ബിജെപിയെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ലെങ്കിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് വിജയം. !