X

ഹിജാബ് ധരിക്കരുതെന്ന ആവശ്യം; കൊല്‍ക്കത്ത ലോ കോളേജ് അധ്യാപിക രാജിവച്ചു

കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വകാര്യ ലോ കോളേജിലെ അധ്യാപിക ജോലി രാജിവച്ചു. ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി.കഴിഞ്ഞ 3 വര്‍ഷമായി എല്‍.ജെ.ഡി ലോ കോളേജിലെ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന സഞ്ജിദ ഖാദര്‍ ഈ വര്‍ഷം മാര്‍ച്ച് – ഏപ്രില്‍ മുതലാണ് ഹിജാബ് ധരിച്ച് ജോലിസ്ഥലത്ത് വരാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായാണ് ഈ പ്രശ്‌നം രൂക്ഷമാകുന്നത്.

മെയ് 31ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികൃതരുടെ ഈ ആവശ്യം തന്റെ മൂല്യങ്ങളെയും മതവികാരങ്ങളെയും വ്രണപ്പെടുത്തിയെന്നാണ് സഞ്ജിദ വ്യക്തമാക്കുന്നത്.
വിഷയം പുറത്തറിഞ്ഞതോടെ വലിയ ചര്‍ച്ചയാകുകയായിരുന്നു. പിന്നാലെ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ഇത് ആശയവിനിമയത്തിലുണ്ടായ തെറ്റിദ്ധാരണയാണെന്നും ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജോലിസമയത്ത് ഹിജാബും സ്‌കാര്‍ഫും മറ്റു ശിരോവസ്ത്രങ്ങളും ധരിക്കുന്നതിന് വിലക്കില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. അധ്യാപകര്‍ക്കുള്ള സ്ഥാപനത്തിന്റെ ഡ്രസ് കോഡിനെ കുറിച്ച് പറയുന്ന ഇമെയില്‍ വഴിയാണ് അധികൃതര്‍ ഇത് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മതപരമായ വസ്ത്രധാരണം സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശമോ നിരോധനമോയില്ലെന്ന് കോളേജ് ഭരണസമിതി ചെയര്‍മാന്‍ ഗോപാല്‍ ദാസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുടെയും മതവികാരങ്ങളോട് കോളേജിന് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയവിനിമയത്തിലെ ഈ തെറ്റിദ്ധാരണ പരിഹരിക്കാന്‍ സഞ്ജിദയുമായി ചര്‍ച്ച നടന്നിട്ടുണ്ടെന്നും ജൂണ്‍ 11ന് രാജിക്കത്ത് പിന്‍വലിച്ച് അധ്യാപിക തിരിച്ചെത്തുമെന്നും ഗോപാല്‍ ദാസ് പറയുന്നു. കോളേജില്‍ തിരിച്ചെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കോളേജ് അധികൃതര്‍ സഞ്ജിദക്ക് ഇമെയില്‍ അയച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

webdesk13: