വാഷിങ്ടണ്‍: പ്രശസ്ത തബല വാദകന്‍ സാക്കിര്‍ ഹുസൈന്‍(73) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ് സാക്കിര്‍ ഹുസൈന്‍. പിതാവ് തന്നെയായിരുന്നു സാക്കിര്‍ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്. സാക്കിര്‍ ഹുസൈന്‍ തന്റെ 12ാമത് വയസ്സില്‍ തന്നെ സംഗീതപര്യടനം ആരംഭിച്ചിരുന്നു. 1988ല്‍ പത്മശ്രീ ലഭിച്ച സാക്കിര്‍ ഹുസൈന്‍ നാലുകൊല്ലത്തിന് ശേഷം മിക്കി ഹാര്‍ട്ടുമായി ചേര്‍ന്ന് ‘ഗ്രാമി ഫോര്‍ പ്ലാനറ്റ് ഡ്രം’ എന്ന സംഗീത ആല്‍ബം പുറത്തിറക്കി. ധോല്‍, ധോലക്, ഖോ, ദുഗ്ഗി, നാല്‍ എന്നിവ അതീവ ചാതുര്യത്തോടെ വായിച്ചിരുന്ന അദ്ദേഹത്തിന് 2002ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.