കൊച്ചി: കെഎഫ്‌സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇത് നടന്നത്. കരുതല്‍ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ധനമാണ് അനില്‍ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തില്‍ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശന്‍. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്. കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്ക് നിക്ഷേപം പിന്‍വലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ ധനമന്ത്രിയും മറുപടി പറയണം. സര്‍ക്കാര്‍ സ്ഥാപനം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണിത്. സര്‍ക്കാരിന് 102 കോടി രൂപയാണ് നഷ്ടമായത്. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയമായി പ്രതിഷേധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.