ഉമ്മന്‍ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ഇപ്പൊ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സഖാക്കന്‍മ്മാര് റേഷന്‍ പീടീലെ മെഷീന്‍ അടിച്ചു പൊളിച്ചേനെ. ഇന്നലെ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കട അടച്ചിട്ടത് കണ്ട് തിരിച്ചു പോകവേ മെഡിക്കല്‍ കോളജിനടുത്ത കോവൂരിലെ പാലാട്ടുമ്മല്‍ നാരായണിയുടേതാണ് ഈ വാക്കുകള്‍. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ടും അത് വില്‍പ്പന നടത്താനാവാതെ കടക്കാരും വാങ്ങിക്കാനാവാതെ ജനങ്ങളും ഒരു പോലെ പ്രയാസത്തിലാണുള്ളത്. സര്‍വര്‍ തകരാര്‍ കാരണം തുടര്‍ച്ചയായി റേഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതു കൊണ്ടൊന്നും ശാശ്വത പരിഹാരം ആവില്ലെന്ന് അഭിപ്രായമുയരുന്നു.
നാളെയും (ശനി), ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സംസ്ഥാനത്തെ ഏഴു ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ച വരേയും മറ്റ് ഏഴു ജില്ലകളിലുള്ളവ ഉച്ചക്ക് ശേഷവും തുറക്കുമെന്നാണ് അറിയിപ്പ് വന്നത്. എന്നാല്‍ ഇതേ മാതൃകയില്‍ സര്‍വര്‍ തകരാര്‍ കാരണം കഴിഞ്ഞ നവംബര്‍ 26 മുതല്‍ ഫെബ്രുവരി 28 വരെ 7 ജില്ലകളില്‍ ഉച്ച വരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തനം ആക്കിയിരുന്നു. എല്ലാം ശരിയായി എന്ന് പറഞ്ഞാണ് മാര്‍ച്ച് 1 മുതല്‍ സാധാരണ പോലെ രാവിലെ മുതല്‍ വൈകിട്ട് വരെ എല്ലാ റേഷന്‍ കടകളും ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ അവസാന വാരം ആകുമ്പോഴേക്കും സര്‍വര്‍ വീണ്ടും തകരാര്‍ ആയിരിക്കയാണ്. ഹൈദ്രബാദിലാണ് സര്‍വര്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
2013 ല്‍ മറ്റിടങ്ങളില്‍ ഇപോസ് മെഷീന്‍ പ്രകാരം വിതരണം നടപ്പിലായെങ്കിലും കേരളത്തില്‍ ഇത് 2017 മുതലാണ് പ്രാബല്യത്തില്‍ വന്നത്. കേരളത്തില്‍ മാത്രമാണ് ഇതിന് പ്രശ്നം നിലനില്‍ക്കുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഉപയോഗിക്കന്ന വോട്ടിംങ്ങ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് 600 കോടി രൂപയാണ് ബഡ്ജറ്റില്‍ മാറ്റി വെക്കുന്നത്. എന്നാല്‍ ഇപോസ് മെഷീന്‍ അറ്റകുറ്റ പണികള്‍ക്ക് ഇതേ വരെ ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ഉപയോഗിച്ചു പഴകിയ നിലവിലുള്ള സാധനം മാറ്റുകയോ പ്രവര്‍ത്തന ശേഷി കൂട്ടുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ശ്രമിക്കാതെ കുറ്റം റേഷന്‍ കടക്കാരുടെ പിരടിയിലിട്ട് ചെപ്പടി വിദ്യകള്‍ നടത്തിയാല്‍ ഇതിന് പരിഹാരം ആവില്ലെന്നാണ് കടക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവസാനമായി റേഷന്‍ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
കഴിഞ്ഞ ശനിയാഴ്ച പെരുന്നാള്‍ ലീവ്, ഞായറാഴ്ച സാധാരണ ലീവ്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വര്‍ മുടക്കം, ബുധനാഴ്ച റേഷന്‍ കടക്കാര്‍ പ്രതിഷേധിച്ച് അടവ്, വ്യാഴം, വെള്ളി ഇത് നന്നാക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകയും ലീവാക്കി. ഇനി നാളെ ശനിയാഴ്ചയാണ് രണ്ട് ഷിഫ്റ്റായി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഫലത്തില്‍ 8 ദിവസം കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയിരിക്കയാണ്. എന്തെങ്കിലും അവശ്യ കാരണത്താലോ, സമരം കാരണം കുറച്ച് സമയം അടച്ചിട്ടാലോ വിശദീകരണം ചോദിക്കുന്ന ഭക്ഷ്യ വകുപ്പ് സര്‍ക്കാര്‍ തന്നെ റേഷന്‍ കടകള്‍ ദിവസങ്ങളോളം പൂട്ടിയിടുന്നതില്‍ എന്ത് ന്യായീകരണമാണുള്ളതെന്ന് ചോദ്യമുയരുന്നു.
റേഷന്‍ കടക്കാര്‍ ഒരു ദിവസം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് പറയുന്നവര്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ തന്നെ വിതരണം നിര്‍ത്തിയതില്‍ എന്ത് ന്യായം പറയും. 14217 റേഷന്‍ കടകളിലായി 9321584 കാര്‍ഡുകളാണുള്ളത്. ഏപ്രില്‍ മാസത്തിലെ റേഷന്‍ വിഹിതം 50 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയിട്ടില്ല. പലയിടങ്ങളിലും റേഷന്‍ സാധനങ്ങള്‍ എനിയും എത്താനുമുണ്ട്. തൊലി പുറത്തെ ചികിത്സ എന്ന് പറഞ്ഞ പോലെ റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കി പിന്നീട് രണ്ട് ഷിഫ്റ്റ് സമയവും ആക്കിയാല്‍ ഒക്കെ ശരിയാകുമെന്ന ധാരണയിലാണത്രെ അധികൃതര്‍. സര്‍വര്‍ മാറ്റി ശേഷി കൂട്ടാത്ത കാലത്തോളം ഈ നില തുടരുമെന്നാണ് സിവില്‍ സപ്ലൈസ് വിഭാഗത്തിലുള്ളവര്‍ പറയുന്നത്.