X

പൂരം കലക്കൽ : അന്വേഷണം നടന്നില്ലെന്നത് മുഖ്യമന്ത്രിക്കു തന്നെ അപമാനം- വി.ഡി. സതീശൻ

പൂരം കലക്കിയതില്‍ അന്വേഷണം നടന്നില്ലെന്നത് മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണമാണ് വിവരാവകാശ നിയമ പ്രകാരം ഇല്ലെന്നു വ്യക്തമായത്. പൂരം കലക്കിയ ശേഷം അന്വേഷണം നടത്തുമെന്ന് പറഞ്ഞത് എല്ലാവരും മറന്നു പോകുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. പൂരം കലക്കിയത് അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൂരം കലക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എ.ഡി.ജി.പിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. പൂരം കലക്കിയതിന് മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വരും. ഇല്ലെങ്കിലും പറയിക്കും. ഈ മാസം 28 ന് തൃശൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒരു മണിക്കൂരാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആര്‍.എസ്.എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഒരു അന്വേഷണവുമില്ല.

ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി തൃശൂര്‍ പൂരം കലക്കിയത്. തൃശൂരിലെ കമീഷണറെയും അസി.കമീഷണറെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി പൂരം കലക്കിയതിനെ കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്?

ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയത്. പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് വിലയാണുള്ളത്? ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്.

അന്വേഷണങ്ങളെല്ലാം സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രഹസനങ്ങളാണ്. രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അലട്ടുന്നത്. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുന്നത്. ഉദ്യോഗസ്ഥരെയെല്ലാം മുഖ്യമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയം.

15 ദിവസമായി ഒരു സി.പി.എം എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ചെറുവിരല്‍ അനക്കാനായില്ല. അയാളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഇരട്ടച്ചങ്കനാണെന്നാണ് ആദ്യ പറഞ്ഞതെങ്കിലും മുഖ്യമന്ത്രി ഇപ്പോള്‍ എല്ലാവരെയും ഭയക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണോ? ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാഷ്ട്രീയ മറുപടി പോലും മുഖ്യമന്ത്രിക്കില്ല.

കേരളത്തിന് അപമാനകരമായ കൊലപാതകമായിരുന്നു അരിയില്‍ ഷുക്കൂറിന്റേത്. ഒരു കുടുംബത്തന്റെ എല്ലാമായിരുന്ന ചെറുപ്പക്കാരനെയാണ് പരസ്യമായി വിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. സി.പി.എം നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നു. എവിടെ രാഷ്ട്രീയ കൊലപാതകം നടന്നാലും അതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

webdesk13: