X

ശ്രീജേഷ് പതാകയേന്തും

കമാൽ വരദൂർ

മറ്റൊരു മലയാളി താരത്തിനും ലഭിക്കാത്ത അംഗീകാരം ഇന്ത്യൻ ഹോക്കിയുടെ ആഗോളവിലാസമായ പി.ആർ ശ്രീജേഷിന്. നാളെ നടക്കുന്ന ഒളിംപിക്സ് സമാപന മാർച്ച് പാസ്റ്റിൽ ഷൂട്ടിംഗ് താരം മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാക വഹിക്കുക ശ്രീജേഷായിരിക്കും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയാണ് ശ്രീജേഷിനെ നിർദ്ദേശിച്ചത്.

ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ് ഉൾപ്പെടെ എല്ലാവരും പിന്തുണച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ എല്ലാവരുടെയും ചോയിസ് ശ്രീജേഷായിരുന്നുവെന്ന് ഉഷ പറഞ്ഞു. അത്രമാത്രം സ്നേഹം ശ്രീജേഷിനോട് എല്ലാവർക്കുമുണ്ട്-ഉഷ പറഞ്ഞു. ഉയർന്ന മെഡൽ വേട്ടക്കാരാണ് സാധാരണ ഗതിയിൽ സമാപന മാർച്ച് പാസ്റ്റിൽ പതാക വഹിക്കുക. വനിതാ വിഭാഗത്തിൽ മനു ഭാക്കർ രണ്ട് വെങ്കലങ്ങൾ നേടിയിരുന്നു. അവരെ വനിതാവിഭാഗത്തിൽ നിന്നുള്ള പതാക വാഹകയായി നേരത്തെ തീരുമാനിച്ചിരുന്നു. പുരുഷ വിഭാഗത്തിൽ ജാവലിനിൽ വെള്ളി നേടിയ നീരജ് ചോപ്രക്കായിരുന്നു സാധ്യത. എന്നാൽ തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ സ്വന്തമാക്കി കളിക്കളം വിടാൻ തീരുമാനിച്ച ശ്രിജേഷിന് അദ്ദേഹം നൽകിയ സമർപണത്തിന് അംഗീകാരം നൽകുകയായിരുന്നു. ഇക്കാര്യം നീരജിനോട് സംസാരിച്ചപ്പോൾ മാഡം പറഞ്ഞിലെങ്കിലും ഞാൻ ശ്രീഭായിയുടെ പേരാണ് പറയുകയെന്ന് നീരജ് പറഞ്ഞു.

മലയാളി ഗോൾക്കിപറുടെ മികവിലാണ് ഇന്ത്യ ഇവിടെ വെങ്കലം സ്വന്തമാക്കിയത്. എല്ലാ മൽസരങ്ങളിലും അസാമാന്യ മികവാണ് ശ്രീജേഷ് കാഴ്ച്ചവെച്ചത്. രാജ്യം ഇത്തരം വലിയ അംഗീകാരം നൽകിയതിൽ വലിയ സന്തോഷമുണ്ടെന്ന് ചന്ദ്രികയോട് സംസാരിക്കവെ ശ്രീജേഷ് പറഞ്ഞു. ഒളിംപിക്സ് പോലെ വലിയ വേദിയിൽ രാജ്യത്തിൻറെ പതാക വാഹകനാവാൻ കഴിയുന്നത് ചരിത്ര നേട്ടമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യം. ഇന്ത്യൻ ഒളിംപിക് അസോസിയേഷനോടും രാജ്യത്തോടും നന്ദിയുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു.

webdesk14: