പി.വി അബ്ദുൽ വഹാബ് എം.പിയുടെ നിർദേശം പരിഗണിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ചികിത്സാ സൗകര്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ കൊണ്ടുവരണമെന്ന് 2024 ഡിസംബർ നാലിനാണ് വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടത്. അർബുദ ചികിത്സക്ക് വേണ്ടി ദൂരദിക്കുകളിലേക്ക് പോകേണ്ട പതിനായിരങ്ങളുടെ വിഷമമാണ് അദ്ദേഹം അവതരിപ്പിച്ചത്.
പുതിയ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഈ ആവശ്യം പരിഗണിക്കുകയും ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ആശുപത്രികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2025-2026 വർഷത്തിൽത്തന്നെ 2000 ചികിത്സാ കേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കും. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമേകുന്ന ഈ തീരുമാനത്തിന് പ്രേരക ശക്തിയാകാൻ സാധിച്ചതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.