കോഴിക്കോട്: പെരുന്നാള്‍ ദിനത്തിലും പി.എസ്.സി പരീക്ഷ നിശ്ചയിച്ച അധികൃതരുടെ നടപടി സംശയം ഉളവാക്കുന്നതാണെന്നും സമൂഹത്തില്‍ വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തുന്ന തീരുമാനങ്ങളില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും എം.എസ്.എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ദിവസം നിശ്ചയിച്ച അറബിക് ഹയര്‍ സെക്കന്ററി പരീക്ഷ പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചിട്ട് അധികമായിട്ടില്ല.
അതിനിടയിലാണ് അസിസ്റ്റന്റ് സയന്റിസ്റ്റ് പരീക്ഷ പെരുന്നാള്‍ ദിവസം നിശ്ചയിച്ച് പി.എസ്.സി കണ്ണടച്ച് ഇരുട്ടാക്കുന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടാക്കുവാനും അതുവഴി പരീക്ഷ മാറ്റിവെച്ച് സര്‍ക്കാര്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന ആരോപണങ്ങള്‍ ഉണ്ടാക്കുവാനുള്ള മനപൂര്‍വ ശ്രമങ്ങളാണ് പി.എസ്.സി യുടെ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും എം.എസ്.എം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കെഎന്‍എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.
കെഎന്‍എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ നന്മണ്ട, അലി മദനി മൊറയൂര്‍, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറര്‍ ജെസിന്‍ നജീബ്, സംസ്ഥാന ഭാരവാഹികളായ ഫഹീം പുളിക്കല്‍, നദീര്‍ മൊറയൂര്‍, ലുഖ്മാന്‍ പോത്തുകല്ല്, നുഫൈല്‍ തിരുരങ്ങാടി, റബീഹ് മാട്ടൂല്‍, അന്‍ഷിദ് നരിക്കുനി,സമാഹ് ഫാറൂഖി, ഷഫീഖ് അസ്ഹരി, ബാദുഷ തൊടുപുഴ, ഷഹീം പാറന്നൂര്‍, ഡാനിഷ് അരീക്കോട് സാജിദ് കോട്ടയം, തുടങ്ങിയവര്‍ സംസാരിച്ചു.