പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ എം.വി മുഹമ്മദ് സലീം മൗലവി (82) അന്തരിച്ചു. കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഗത്ഭനായ പണ്ഡിതന്‍, വാഗ്മി, പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ആറ് പതിറ്റാണ്ടിലധികം കാലം ഇസ്ലാമിക പ്രബോധന മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. ഇത്തിഹാദുല്‍ ഉലമാ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.
മണ്ണിശ്ശേരി വീരാന്‍ കുട്ടി-ആച്ചുമ്മ ദമ്പതികളുടെ മകനായി 1941-ല്‍ മലപ്പുറം ജില്ലയിലെ മൊറയൂരിലാണ് ജനനം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, മധുര കാമരാജ് യൂണിവേഴ്‌സിറ്റി, ഖത്വര്‍ അല്‍ മഅ്ഹദുദ്ദീനി എന്നിവിടങ്ങളിലായിരുന്ന പഠനം. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ആലിയ അറബിക് കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കുറച്ച് കാലം പ്രബോധനം വാരികയിലും സേവനമനുഷ്ഠിച്ചു.
14 വര്‍ഷം ഖത്തറില്‍ സഊദി അറേബ്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഖത്തര്‍ വഖ്ഫ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രഭാഷകനായിരുന്നു. ഖത്തര്‍ റേഡിയോയിലും ടെലിവിഷനിലും നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സ്ഥാപകാംഗം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ശരീഅ മര്‍ക്കസ് കൗണ്‍സില്‍ മെമ്പര്‍, ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ പത്രമാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കുന്ന സമിതിയംഗം, ഇത്തിഹാദുല്‍ ഉലമാ കേരള പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യമാര്‍: സഫിയ, ആഇശാ ബീവി. മക്കള്‍: സുമയ്യ, മുന, അസ്മ, സാജിദ, യാസ്മിന്‍, സുഹൈല, ബനാന്‍, ഉസാമ, അനസ്, യാസിര്‍, അര്‍വ