പ്രിയങ്ക ഗാന്ധിയെ വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി നിശ്ചയിച്ച എ.ഐ.സി.സി നടപടിയെ മുസ്ലിംലീഗ് സ്വാഗതം ചെയ്തു. റായ്ബറേലി നിലനിർത്തി രാഹുൽ വയനാട് ഒഴിയുന്ന സാഹചര്യമുണ്ടായാൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് പാർട്ടി അഭിപ്രായപ്പെട്ടിരുന്നതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇന്ത്യ മുന്നണിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുന്ന തീരുമാനമാണിത്. മതേതരത്വത്തിന്റെ ഭാവി ഉറപ്പാക്കാനും ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ തീരുമാനം ഉപകരിക്കും. പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹമാണ് എ.ഐ.സി.സി നടപ്പാക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൻ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കും. ഇന്ത്യ മുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കലാണ് ഇപ്പോഴത്തെ ആവശ്യമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.