കര്‍ണാടക: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ’40 ശതമാനം കമീഷന്‍’ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കില്‍ 100 ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ആശുപത്രികള്‍, 30,000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 30 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടുകള്‍ തുടങ്ങിയവ നിര്‍മിക്കാമായിരുന്നു. ഇതിനാലാണ് ജനങ്ങളുടെ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ ബി.ജെ.പിക്ക് കഴിയാത്തത്. ഓരോ ദിവസവും ജനക്ഷേമത്തിന് ഉപകാരമില്ലാത്ത പുതിയ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു. ജനാധിപത്യം അപഹരിക്കുന്നവരാണ് ബി.ജെ.പി.
പലതരത്തിലുള്ള കവര്‍ച്ചക്കാരാണ് രാജ്യത്തുള്ളത്. ചിലര്‍ വീടുകളില്‍നിന്ന് കവര്‍ച്ച നടത്തുന്നു. ചിലരാകട്ടെ സര്‍ക്കാറിനെത്തന്നെ മോഷ്ടിക്കുന്നുവെന്നും 2018ലെ ബി.ജെ.പിയുടെ ഓപറേഷന്‍ താമര സംബന്ധിച്ച് പ്രിയങ്ക പറഞ്ഞു. ഇത്തരത്തില്‍ ജനാധിപത്യത്തെതന്നെ കവര്‍ച്ച ചെയ്യുന്നവരെ തടയണം. ബി.ജെ.പി ഭരണത്തില്‍ സകല മേഖലകളിലും ജനം ദുരിതത്തിലാണ്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി. 1,100 രൂപയാണ് പാചകവാതക സിലിണ്ടറിന്റെ വില. പെട്രോളിനും ഡീസലിനും കൊള്ളവിലയായതിനാല്‍ സകല മേഖലയിലും വിലക്കയറ്റം അതിരൂക്ഷമാണ്. പൊലീസ് എസ്.ഐ നിയമനപരീക്ഷയിലടക്കം വന്‍ ക്രമക്കേടാണ് നടന്നത്.
അഴിമതിക്കെതിരെയും ’40 ശതമാനം കമീഷന്‍ സര്‍ക്കാറി’നെതിരെയും കരാറുകാരുെട സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍നിന്ന് എട്ടുകോടി രൂപ അഴിമതിപ്പണം പിടികൂടിയെങ്കിലും നടപടിയുണ്ടായില്ല. 2.5 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും യുവാക്കള്‍ക്ക് ജോലി നല്‍കുന്നില്ല. എല്ലാ തസ്തികകളിലും പണം വാങ്ങി നിയമനം നടത്തുകയാണ്. അസി. പ്രഫസര്‍ തസ്തികക്ക് 5070 ലക്ഷവും ലക്ചറര്‍ തസ്തികക്ക് 3050 ലക്ഷവും ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികക്ക് 30 ലക്ഷവുമാണ് വാങ്ങുന്നത്. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തന്റെ രണ്ട് കാളകളെ വില്‍ക്കേണ്ടി വന്നുവെന്ന കര്‍ഷകന്റെ വേദനയും പ്രിയങ്ക പങ്കുവെച്ചു.