X

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം, വലഞ്ഞ് യാത്രക്കാര്‍

കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ബസുകള്‍ക്കെതിരെ പൊലിസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് ബസ് ഉടമകള്‍ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ത്തിയായി. ജില്ലയിലൊരിടത്തും ഇന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. താവക്കരയിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചു.

ബസ് പണിമുടക്കില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പെരുവഴിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയതും സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങിയതും യാത്രക്കാര്‍ക്ക് ആശ്വാസമായി.

എന്നാല്‍ ബസ് പണിമുടക്കിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ റോഡിലിറങ്ങിയതോടെ നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. അന്യായമായി ഫോട്ടോയെടുത്ത് സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തുന്നത് പൊലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരം നടത്തുവെന്ന് ബസ് ഓപ്പറേറ്റെഴ്സ് അസോ. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു.

പല തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ പവിത്രന്‍, വി.പി പുരുഷോത്തമന്‍, കെ.പി ശ്രീജിത്ത്, പി.പി മോഹനന്‍, പ്രസാദ്. ആലിക്കുഞ്ഞ് പന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.

webdesk13: