അങ്ങാടിപ്പുറം പരിയാപുരത്ത് വലിയ തോതില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയ 6 കിണറുകളിലെ വെള്ളം നീക്കുന്ന പ്രവൃത്തി ഇന്നലെ 2 ടാങ്കര്‍ ലോറികള്‍ ഉപയോഗിച്ച് തുടങ്ങി. അപകടത്തില്‍ പെട്ട ടാങ്കര്‍ ലോറി ഉടമയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ് കിണറ്റിലെ വെള്ളമാണ് ഇന്നലെ ടാങ്കറിലേക്ക് മാറ്റിയത്.
മഴ ശക്തമാവുക കൂടി ചെയ്തതോടെ ഈ കിണറുകളിലെല്ലാം വലിയ തോതില്‍ വെള്ളമുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ ടാങ്കറുകളിലേക്ക് വെള്ളം മാറ്റാനുള്ള ശ്രമം കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഈ വെള്ളം ലക്ഷ്യത്തിലെത്തിച്ച് ടാങ്കര്‍ ലോറികള്‍ തിരിച്ചെത്തുമ്പോഴേക്കും കിണറ്റിലെ വെള്ളം പഴയപടി ഉയര്‍ന്നിട്ടുണ്ടാകും. കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഒന്നിച്ചെത്തിച്ച് വലിയ തോതിലുള്ള ഒരു ശ്രമം നടത്തിയാലേ പ്രതിസന്ധിക്ക് പരിഹാരം കാണാനാവൂ.
ഡീസല്‍ ചോര്‍ച്ച മൂലമുള്ള ശുദ്ധജല പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായില്ല. കഴിഞ്ഞ 20 ന് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നാണ് പ്രദേശത്ത് ഡീസല്‍ ചോര്‍ച്ച ഉണ്ടായത്. നിലവിലെ 6 കിണറുകള്‍ക്ക് പുറമേ ചില കുഴല്‍ക്കിണറുകളിലും വെള്ളത്തില്‍ ഡീസലിന്റെ സാന്നിധ്യമുള്ളതായി ഇന്നലെ പരാതി ഉയര്‍ന്നു. 230 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ഡീസല്‍ സാന്നിധ്യമുള്ളതായി പരാതി ഉയര്‍ന്നത്.