X

പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം! 3000 മലയാളികളാണ് പോളണ്ടിലിപ്പോള്‍- ചന്ദ്രമോഹന്‍ നല്ലൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട്

അഭിമുഖം/ കെ.പി ജലീല്‍

  ‘പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്”

സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ ഡയലോഗ് ഇനി മറക്കാം. പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം. 3000 ത്തലധികം മലയാളികളാണ് പോളണ്ടിലിപ്പോഴുള്ളത്. കേരളത്തിലെ അനധികൃതനിയമനങ്ങളും തൊഴിലില്ലായ്മയും കാരണം നിരവധി യുവാക്കളാണ് ദിനംപ്രതിയെന്നോണം ഈ യൂറോപ്യന്‍ രാജ്യത്തേക്ക് വെച്ചുപിടിക്കുന്നത്. യൂറോപ്പില്‍ തൊഴില്‍സാധ്യതയേറെയുള്ള രാജ്യങ്ങളിലൊന്നാണ ്‌പോളണ്ട്. യുക്രൈയിന്റെ അയല്‍രാജ്യമായതിനാല്‍ നിരവധി മലയാളികളാണ് ഇപ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍നിന്ന ്‌രക്ഷപ്പെടാനായി പോളണ്ടിലെത്തിയിരിക്കുന്നത്. പഴയ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍രെ ദുശ്ശാഠ്യങ്ങളോ ദാരിദ്ര്യമോ ഒന്നുമില്ലാത്ത ജനാധിപത്യത്തിന്റെ ഉച്ഛ്വാസവായു ആവോളം അനുഭവിക്കുകയാണ് പോളണ്ടിപ്പോള്‍. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുള്ള പോളണ്ടില്‍ 3.8 കോടിയാണ ്ജനസംഖ്യ. 16 സംസ്ഥാനങ്ങള്‍. അതേക്കുറിച്ച് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ‘ചന്ദ്രിക ഓണ്‍ലൈനി’ നോട് സംസാരിക്കുന്നു.പാലക്കാട് മലമ്പുഴ മാട്ടുമന്ത സ്വദേശി മുപ്പത്തെട്ടുകാരനായ ചന്ദ്രമോഹന്‍ കഴിഞ്ഞ 17 വര്‍ഷമായി പോളണ്ടിലാണ്.

?ഈയിടെയായി പോളണ്ടിലേക്ക് നിരവധി മലയാളികള്‍ കുടിയേറുന്നുണ്ടല്ലോ. എന്താണ് ഇതിന് കാരണം
= വന്‍ തൊഴില്‍ സാധ്യതയാണ് അവിടെയുള്ളത്. യുക്രെയിനില്‍നിന്നുള്ളയുവാക്കള്‍ക്ക് പോളണ്ടിലേക്ക് വരാന്‍ തടസ്സമുള്ളതുകൊണ്ട് നിരവധി വിദേശികള്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട്. പ്രധാനമായും മലയാളികളാണതില്‍. തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് അവരിവിടെ എത്തുന്നത്. ഫാക്ടറികളിലും ഐ,ടി രംഗത്തുമെല്ലാം നല്ല സാധ്യതയാണ് പോളണ്ടിലുള്ളത്. ഖത്തര്‍ ലോകകപ്പ് നിര്‍മാണകാലത്തെ തൊഴിലാളികളില്‍ മിക്കവാറും ഇപ്പോള്‍ പോളണ്ടിലെത്തുകയാണ്.

? അടുത്തിടെ അവിടെ രണ്ട് മലയാളികള്‍ കൊല്ലപ്പെടുകയുണ്ടായി. എന്താണ ്കാരണം.

= മലയാളികളോട് മാത്രമല്ല, ഇന്ത്യക്കാരോടും ഏഷ്യക്കാരോട് മൊത്തത്തിലും പൊതുവെ യൂറോപ്പുകാര്‍ക്ക് പ്രത്യേകവിരോധമുണ്ട്. അതിന് ഒരുകാരണം നിറമാണ്. മറ്റൊന്ന് ഇവര്‍ മുസ്‌ലിംകളാണെന്ന തെറ്റിദ്ധാരണയും. ഇസ്‌ലാമികഭീതി വന്‍തോതില്‍ നിലനില്‍ക്കുകയാണല്ലോ ഇന്നും യൂറോപ്പില്‍. അതാണ് കൊലപാതകത്തിന് കാരണമെന്ന ്തീര്‍ത്ത് പറയാനാവില്ലെങ്കിലും ഈയൊരു ഘടകം ഉണ്ട്.

?അത് തൊഴില്‍സാധ്യതകള്‍ കുറക്കില്ലേ.

= ഇല്ല. വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്‌സിനായും മറ്റും നിരവധി പേര്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.് യുക്രൈന്‍-റഷ്യയുദ്ധം യുക്രെയിനെ തരിപ്പണമാക്കുകയാണ്.

? യുക്രെയിന്റെ നാശനഷ്ടം എത്രത്തോളമാണ്.

= യുക്രെയിനിന്റെ 25 ശതമാനമായ ഡോണ്‍ബാസ് മേഖല റഷ്യ ഇതിനകം കൈയിലാക്കിക്കഴിഞ്ഞു. ഇനിയുളളത് യുക്രെയിന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കലാണ്. അതല്ലാതെ വലിയ ലക്ഷ്യമൊന്നും റഷ്യക്കില്ല.

യുദ്ധാരംഭംകാലത്ത് മലയാളികളെയും ഇന്ത്യക്കാരെ മൊത്തത്തിലും രക്ഷപ്പെടുത്തിയതില്‍ ചന്ദ്രമോഹനും വലിയ പങ്കുണ്ട്. അതിര്‍ത്തിയില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും മറ്റുമാണ് മലയാളികളെയടക്കം രക്ഷപ്പെടുത്തിയത്. മലയാളിയായ അംബാസഡറും വലിയ സഹായകമായി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ വിജയം ഇവരെപ്പോലുള്ള മലയാളികളുടെ അധ്വാനം കൊണ്ടുകൂടിയാണ്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ ഓഫീസില്‍നിന്ന ്‌വിളിച്ചിരുന്നു. കേരളസര്‍ക്കാരിനുവേണ്ടി വേണുരാജാമണി വിളിച്ചിരുന്നു-ചന്ദ്രമോഹന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ആ സമയം ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചു. യുദ്ധസമയത്ത് ഇന്ത്യയില്‍നിന്നെത്തിയ 5 കണ്ടെയ്‌നര്‍ ചരക്കുകപ്പലിലെ അരി കേടുവരുന്ന അവസ്ഥയില്‍ നഷ്ടപ്പെടാതെ അതിനെ ബിയര്‍ഫാക്ടറികള്‍ക്ക് എത്തിച്ചുകൊടുത്ത് സ്വന്തമായ ‘മലയാളി ‘ബ്രാന്‍ഡ് ബിയറുണ്ടാക്കിച്ച കഥയും ഈ മലയാളിക്കുണ്ട്. ‘കാലിക്കൂത്ത് ‘ (കോഴിക്കോട് )എന്ന പേരിലും പോളണ്ടിലും ബിയറുണ്ടിവിടെ. മദ്യം സുലഭമായി ഉപയോഗിക്കുന്ന നാടാണെങ്കിലും കുടിച്ചുകൂത്താടുന്ന അവസ്ഥ പോളണ്ടിലെവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രമോഹന്റെ ഭാര്യ പോളണ്ടുകാരിയാണ്. 2005ല്‍ സ്‌പെയിനില്‍ പഠനത്തിനായി ചെന്ന ശേഷം തൊഴിലിന്റെഭാഗമായി 2010ല്‍ പോളണ്ടിലെത്തുകയായിരുന്നു ഈയുവാവ്. അവിടെ വ്യവസായസംരംഭകര്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ഈ വിഷയത്തില്‍ ബിരുദമുള്ള ഈ പാലക്കാട്ടുകാരന്‍. പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദധാരിയാണ്. പ്രവാസിദിവസിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് നാട്ടിലെത്തിയതാണ് ചന്ദ്രമോഹന്‍.

ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതയും മതഭ്രാന്തുമെല്ലാം തങ്ങള്‍ മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു. അന്നവഹ് മാനൂക്കാണ് ഭാര്യ. രണ്ടുമക്കള്‍: എട്ടുവസ്സുകാരി മായയും മൂന്നുവയസ്സുകാരി ജൂലിയയും. ഇരുവരും പോളണ്ടില്‍ പഠിക്കുന്നു. മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലാണിപ്പോള്‍ ജോലിചെയ്യുന്നത്.
പത്രപ്രവര്‍ത്തകനായ ചന്ദ്രപാലന്റെയും ശൈലജയുടെയും രണ്ടുആണ്‍മക്കളില്‍ മൂത്തയാളാണ് ചന്ദ്രമോഹന്‍. രണ്ടാമത്തെ മകന്‍ ചന്ദ്രപ്രസാദ് .ഭാര്യ പൂനെ സ്വദേശി ശ്രദ്ധ സള്‍ക്കാര്‍ക്കര്‍. മൊത്തത്തില്‍ വിദേശമയമാണ് നല്ലൂര്‍ വീട്.

Chandrika Web: