തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ രണ്ട് പ്രവര്‍ത്തകരുടെ കണ്ണിന് സാരമായി പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്‍ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ മുസ്‌ലിംലീഗ് നേതാക്കള്‍ അഭിസംബോധന ചെയ്ത് മടങ്ങിയ ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രകോപനം കൂടാതെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.
ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിലാണ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ഫരീദ്ഖാന്‍, കോഴികോട് ജില്ലയിലെ ജുനൈദ് എടച്ചേരി എന്നിവരുടെ കണ്ണിന് സാരമായി പരിക്കേറ്റത്. ഇതോടെ വീണ്ടും സംഘര്‍ഷമായി. നാല് റൗണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. പൊലീസ് നടപടിയില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
മലബാറില്‍ അഡ്മിഷനുവേണ്ടി കുട്ടികള്‍ തെരുവുകള്‍ തോറും അലയുന്ന സാഹചര്യമാണുള്ളതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യായത്തിനുവേണ്ടിയുടെ പ്രക്ഷോഭമാണ് യൂത്ത് ലീഗ് നടത്തുന്നത്. സീറ്റ് കിട്ടാതെ അലയുന്ന പതിനായിരക്കണക്കിന് കുട്ടികളുടെ വികാരമാണ് യൂത്ത് ലീഗ് പ്രകടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും നിയമസഭക്കും നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കണം. ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ഗൗരവമുള്ള പ്രക്ഷോഭങ്ങള്‍ കേരളം കാണേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എട്ട് വര്‍ഷത്തിനിടെ 1000 ബാറുകള്‍ തുറന്ന സര്‍ക്കാര്‍ ഒരു പ്ലസ് ടു ബാച്ചുപോലും അനുവദിച്ചിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. കേരളീയം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി ധൂര്‍ത്തടിക്കാന്‍ പണമുള്ള സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ ഫിറോസ് പറഞ്ഞു. അധിക ബാച്ച് അനുവദിക്കാന്‍ പണമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍ ചാണകകുഴിയുണ്ടാക്കാന്‍ പണമുണ്ട്. വീട്ടില്‍ സ്വിപ്പിംഗ് പൂളുണ്ടാക്കാനും കുടുംബത്തിനൊപ്പം ടൂറുപോകാനും പണമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
താത്കാലിക ബാച്ച് അനുവദിച്ചാല്‍ സമരം തീരില്ല. പ്ലസ് വണ്ണിന് പ്രവേശനം കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ മന്ത്രിയുടെ വഴിയില്‍ യൂത്ത് ലീഗ് സമരവുമായി ഉണ്ടാകും. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും പി.കെ ഫിറോസ് പറഞ്ഞു. പ്ലസ് ടു സീറ്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ പറഞ്ഞു. കള്ള കണക്കാണ് മന്ത്രി പുറത്തുവിടുന്നത്. മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എമാരായ പി. ഉബൈദുള്ള, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി എന്നിവരും സംസാരിച്ചു.