മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവരില്‍ സ്‌കൂളും വിഷയവും മാറാന്‍ അനുമതി ലഭിച്ചവര്‍ക്ക് ഇന്ന് വൈകുന്നേരം നാലിന് മുമ്പായി പുതിയ പ്രവേശനം നേടണം. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേര്‍ന്ന സ്‌കൂളില്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അലോട്ട്മെന്റ് കത്തിന്റെ പ്രിന്റും സ്‌കൂളില്‍ നിന്നും നല്‍കണം. അതേ സ്‌കൂളില്‍ തന്നെ മറ്റ് വിഷയത്തിലേക്ക് മാറ്റം ലഭിച്ചവര്‍ക്ക് ഈ കത്തുമായി ചേരാം. അധികമായി വേണ്ടിവരുന്ന ഫീസ് അടയ്ക്കണം.
മറ്റൊരു സ്‌കൂളിലേക്കാണ് മാറ്റം ലഭിച്ചിട്ടുള്ളതെങ്കില്‍ ആ സ്‌കൂളില്‍ ചേരുന്നതിനായി ടി.സി സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് ഹാജരാക്കിയ മറ്റ് അസല്‍ രേഖകള്‍ എന്നിവ നല്‍കേണ്ടതാണ്. ഇവയുമായി പുതിയ സ്‌കൂളില്‍ ചേരുമ്പോള്‍ പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് എന്നിവയും അധികമായി വേണ്ട ഫീസും അടയ്ക്കണം.
ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ നിന്ന് രക്ഷിതാവിന്റെ അപേക്ഷ പ്രകാരം പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് എന്നിവ മടക്കി നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഏകജാലകം വഴി മെറിറ്റില്‍ പ്രവേശനം നേടിയവരില്‍ 25,052 കുട്ടികള്‍ക്കാണ് സ്‌കൂളും വിഷയവും മാറാന്‍ അനുമതി ലഭിച്ചത്. ഇതില്‍ 20,395 പേര്‍ക്കും സ്‌കൂള്‍ മാറ്റം കിട്ടി. 4567 കുട്ടികള്‍ക്ക് നിലവിലെ സ്‌കൂളില്‍ തന്നെ മറ്റൊരു വിഷയത്തില്‍ പ്രവേശനം ലഭിച്ചു. ആകെ അപേക്ഷകര്‍ 44,830 ആണ്. ഇവരില്‍ 19,778 പേര്‍ക്ക് മാറ്റം കിട്ടിയില്ല.