ഭാര്യയെ കൊലപ്പെടുത്തി വാഹനാപകടമാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ മരണം അപകട മരണമായി പൊലീസ് വിലയിരുത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ക്രൂരമായ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യ്തു. മൂന്ന് ബന്ധുക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. സംഭവത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതി പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു.
ഫെബ്രുവരി 12ന് കാമ്പു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഷീത്ല റോഡില്‍ വാഹനാപകടത്തില്‍ 22കാരിയായ സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ വാഹനത്തില്‍ സഞ്ചരിച്ച ഭര്‍ത്താവ് പ്രദീപ് ഗുജാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പ്രതിയുടെ മൊഴികളിലെയും സംഭവസ്ഥലത്ത് നിന്നുമുള്ള തെളിവുകളുടെ പൊരുത്തക്കേടും പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
അതെസമയം, യുവതിയുടെ ശരീരത്തിലുള്ള മുറിവുകള്‍ വാഹനാപകടത്തില്‍ സംഭവിച്ചതല്ല. മറിച്ച് ക്രൂരമായ ആക്രമണത്തിന്റെ ഫലമാണെന്നാണ് സ്ഥിരീകരണം. കൂടുതല്‍ അന്വേഷണത്തില്‍ പ്രദീപ് ക്രൈം ടെലിവിഷന്‍ പരിപാടികള്‍ കണ്ട ശേഷമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമായിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രദീപിനും പിതാവ് രാംവീര്‍ ഗുര്‍ജാറിനും ബന്ധുക്കളായ ബന്‍വാരി, സോനു ഗുജാറിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.