അഴിമതിയും ധൂര്‍ത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുമ്പോഴും കോടികള്‍ ചെലവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയേറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവില്‍ നവീകരണ പ്രവൃത്തികളുടെ ഉത്തരവ് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കി.
പൊതുമരാമത്ത് വകുപ്പിനാണ് നവീകരണ ചുമതല. ഓഫീസും ചേംബറും ആകെ 60.46 ലക്ഷം മുടക്കിയാണ് നവീകരിക്കുക. ഇതില്‍ മോടിപിടിപ്പിക്കലിന് മാത്രം 12.18 ലക്ഷം രൂപയുടെ അനുമതി നല്‍കി. ഫര്‍ണിചര്‍ ജോലികള്‍ക്ക് 17.42 ലക്ഷം അനുവദിച്ചു. മുഖ്യമന്ത്രിയുടെ നെയിം ബോര്‍ഡ്, എംബ്ലം, ഫഌഗ് പോള്‍സ് എന്നിവ തയ്യാറാക്കുന്നതിന് 1.56 ലക്ഷമാണ് ചെലവ്. ശുചിമുറി, വിശ്രമമുറി എന്നിവക്ക്1.72 ലക്ഷം, സ്‌പെഷ്യല്‍ ഡിസൈനുള്ള പുഷ് ഡോര്‍ 1.85 ലക്ഷം. 92,920 രൂപയുടെ സോഫ അടക്കം ിതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നവീകരണം 6.55 ലക്ഷം, ഇലക്ട്രിക്കല്‍ ജോലികള്‍ 4.70 ലക്ഷം, എസി 11.55 ലക്ഷം, അഗ്നി ശമന സംവിധാനങ്ങള്‍ 1.26 ലക്ഷം എന്നിങ്ങനെ തുക ചെലവിടും.
ഇതു കൂടാതെയാണ് 1.50 കോടി രൂപ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ചെലവഴിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളിന്റെ മോടിപ്പിടിക്കലിനായി 18.39 ലക്ഷവും ഫര്‍ണിച്ചറിന് 17.42 ലക്ഷവും നെയിം ബോര്‍ഡ്, എംബ്ലം എന്നിവക്ക് 1.51 ലക്ഷവുമാണ് മുടക്കുക. ശുചിമുറിക്ക് 1.39 ലക്ഷം, പ്ലംബിങ്ങിന് 1.03 ലക്ഷം, കിച്ചന്‍ ഉപകരണങ്ങള്‍ക്ക് 74000, സ്‌പെഷ്യല്‍ ഡിസൈനുള്ള പുഷ്‌ഡോറുകള്‍ക്ക് 1.85 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗിക്കുക. 6.77 ലക്ഷത്തിന് ഇലക്ട്രിക്കല്‍ ജോലികള്‍, 1.31 ലക്ഷത്തിന്റെ അഗ്നിശമന സംവിധാനങ്ങള്‍, 13.72 ലക്ഷത്തിന്റെ എ.സി, 79 ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ജോലികള്‍ എന്നിവയാണ് കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നത്.
നിലവില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കോടികള്‍ മുടക്കി നവീകരിക്കുന്നതെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.