പെട്രോൾ പമ്പുകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം ഇന്ന് (ഞായറാഴ്ച) രാത്രി എട്ടു മുതൽ നാളെ (തിങ്കളാഴ്ച) രാവിലെ ആറുവരെ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ സമരാഹ്വാനം മലപ്പുറം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തള്ളി. പെട്രോൾ പമ്പുകൾ പതിവു പോലെ തുറക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
മലപ്പുറം ജില്ലയിലെ 75 ശതമാനം പമ്പുകളും രാത്രി പത്തിന് അടച്ച് പിറ്റേന്നു രാവിലെ ആറിന് തുറക്കുകയാണ് പതിവ്. വെറും രണ്ടു മണിക്കൂർ സമരം പ്രഹസനമാണെന്നും പുതുവർഷപ്പുലരിയിൽ ഇത്തരമൊരു തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലയിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇരുനൂറ്റെഴുപത്തഞ്ചോളം പെട്രോൾ പമ്പുകളും സ്വകാര്യ കമ്പനികളുടെ 40 പമ്പുകളുമാണുള്ളത്.