ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍. കശ്മീര്‍ ശാന്തമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിഞ്ഞതായും മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ചാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. പ്രവര്‍ത്തകരെ നിയമവിരുദ്ധമായി പൊലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയതെന്ന് മുഫ്തി വ്യക്തമാക്കി.
പിഡിപി ഇന്ന് നടത്താനിരുന്ന സെമിനാറിന് ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ പുതിയ നടപടി. ‘പി.ഡി.പി നേതാക്കള്‍ക്കൊപ്പം ഇന്ന് രാവിലെ എന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ച് കയറി പൊലീസ് അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ജമ്മുകശ്മീര്‍ സാധാരണ നില കൈവരിച്ചിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതി മനസിലാക്കണം.”-എന്നായിരുന്നു മെഹബൂബ മുഫ്തിയുടെ ട്വീറ്റ്.