പത്തനംതിട്ടയില്‍ കായിക വിദ്യാര്‍ഥിനിയെ 64 പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായവരില്‍ ചില വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു.വിശദമായ പരിശോധനക്ക് ശേഷമാണ് ഓരോ പ്രതിയെയും അറസ്റ്റ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം പീഡിപ്പിച്ചവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. രാത്രിയില്‍ വീട് വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലാകുന്നവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ഭയന്ന് പ്രതികളില്‍ പലരും ഇതിനകം ഒളിവില്‍ പോയതും അന്വേഷണം വിപുലപ്പെടുത്താന്‍ കാരണമായി.
പിടിയിലാകുന്നവര്‍ക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്നത്. അഞ്ചുവര്‍ഷമായി നടന്ന പീഡനമായതിനാല്‍ പ്രതികളും പെണ്‍കുട്ടിയുമായി നടന്ന മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ കമ്പനികളെ സമീപിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷത്തില്‍ കൂടുതലുള്ള ഡേറ്റകള്‍ ചില മൊബൈല്‍ കമ്പനികള്‍ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.
പീഡിപ്പിച്ച നാല്‍പതോളം പേരുടെ നമ്പറുകളാണ് പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.