പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഞ്ചുവട്ടം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. പെരിങ്ങനാട് ലോക്കല്‍ സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്‌തെന്നും പൊലീസിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശ ഇതിനുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
വ്യാപക ക്രമക്കേടിനെതിരെ ഡി.സി.സി ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും അഖില്‍ പെരിങ്ങനാട് സജീവമായി ഉണ്ടായിരുന്നു. ദൃശ്യങ്ങളില്‍ വന്നതിന്റെ ഇരട്ടി കള്ളവോട്ടുകള്‍ നടന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അടൂര്‍, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകരെ എത്തിച്ച് വോട്ടുചെയ്യിച്ചുവെന്നതാണ് മറ്റൊരു ആരോപണം. സഹകരണ ബാങ്ക് ഭരണം പക്ഷേ യു.ഡി.എഫ് നിലനിര്‍ത്തി. അടുത്തമാസം പതിനാലിന് നടക്കുന്ന കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാകും കോണ്‍ഗ്രസ് കോടതിയെ സമീപിക്കുക. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മാര്‍ത്തോമാ സ്‌കൂളില്‍ തന്നെയാണ് കാര്‍ഷിക ബാങ്ക് തിരഞ്ഞെടുപ്പും നടക്കുക