യു.പിയില്‍ മുഹറം ഘോഷയാത്രക്കിടെ ഫലസ്തീന്‍ പതാക വീശിയ യുവാവ് അറസ്റ്റില്‍. ഭദോഹി ജില്ലയില്‍ നടന്ന ഘോഷയാത്രക്കിടെയാണ് ഫലസ്തീന്‍ ജനതയ്ക്ക് യുവാവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ബദോഹി പൊലീസിന്റേതാണ് നടപടി. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) വകുപ്പ് 197 (2) (ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ പ്രവൃത്തി) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാഹില്‍ എന്ന യുവാവാണ് അറസ്റ്റിലായത്.
യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ഇന്ത്യന്‍ പതാകയോടപ്പം ഫലസ്തീന്‍ പതാക ഉയര്‍ത്തുന്ന യുവാക്കളെ കാണാം. ഫലസ്തീന്‍ പതാക ഉയര്‍ത്തിയതില്‍ ഒരാളായ ഗോരഖ് എന്ന യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
അനുമതിയില്ലാതെയാണ് മധോസിങ് ഏരിയയിലെ ദേശീയ പാതയിലൂടെ ഘോഷയാത്ര നടത്തിയതെന്ന് ഔറായ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സച്ചിദാനന്ദ് പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണങ്ങളില്‍ ഇസ്രാഈലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പിന്തുണ നല്‍കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ചരിത്രപരമായ ബന്ധത്തെ വളച്ചൊടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇസ്രാഈലിന് പിന്തുണ നല്‍കുന്നത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച എ.ഐ.എം.ഐ.എം അധ്യക്ഷന്‍ കൂടിയായ അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞക്കിടെ ഫലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഒവൈസിയെ വിമര്‍ശിച്ച് രംഗത്തെത്തി. തുടര്‍ന്ന് സത്യപ്രതിജ്ഞയില്‍ സത്യവാചകമല്ലാതെ മറ്റൊന്നും പറയരുതെന്ന് അനുശാസിക്കുന്ന പുതിയ നിയമവും ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കി.