X

തൃശൂരിലെ പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമായിരുന്നു; പള്ളിക്ക് നേരെ അവകാശവാദവുമായി വീണ്ടും ബി.ജെ.പി

തൃശൂര്‍ ജില്ലയിലെ പാലയൂര്‍ സെന്റ് തോമസ് ചര്‍ച്ച് പണ്ട് ശിവക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ആര്‍.വി. ബാബു. 24ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് നേതാവ് കൂടിയായ ബാബു.

തന്റെ കുട്ടിക്കാലം തൊട്ട് പള്ളി പണ്ട് ക്ഷേത്രമായിരുന്നു എന്ന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബാബുവിന്റെ പരാമര്‍ശത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ അവിടെ മണിപ്പൂരാകും എന്ന സൂചനയാണ് സംഘപരിവാര്‍ നല്‍കുന്നത് എന്നാണ് വിമര്‍ശനങ്ങളിലൊന്ന്.

തൃശൂര്‍ അതിരൂപതയ്ക്ക് കീഴിലുള്ള പാലയൂര്‍ സെന്റ് തോമസ് ചര്‍ച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളി യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ ഒരാളായ തോമസ് സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം.

നേരത്തെയും കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് മേല്‍ സംഘപരിവാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം ആയിരുന്നെന്നും അത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നും ആര്‍.എസ്.എസ് സൈദ്ധാന്തികനും അഭിഭാഷകനുമായ ടി.ജി. മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് പുത്തന്‍ പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഓരോ ഇഞ്ച് ഭൂമിയും തിരികെ പിടിക്കുമെന്നും 2020ലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

 

webdesk13: