Categories: indiaNews

പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറി; യുപിയില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍

യുപിയില്‍ പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫിറോസാബാദിലെ ഹസ്രത്പൂര്‍ ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കാണ് ഇവര്‍ സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്. പാകിസ്താന്‍ ചാരവനിത ഒരുക്കിയ ഹണിട്രാപ്പില്‍പ്പെട്ട് രഹസ്യ സൈനിക വിവരങ്ങള്‍ പങ്കിടുകയായിരുന്നു രവീന്ദ്രകുമാര്‍.

സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്നുള്ള രഹസ്യ കത്തുകള്‍, ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ഥന പട്ടിക, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങള്‍ ഐഎസ്ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാള്‍ പങ്കിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

പരിശോധനയില്‍ രവീന്ദ്രയുടെ മൊബൈലില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും 51 ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് നേഹ ശര്‍മയെന്ന പേരില്‍ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ യുവതിക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരില്‍ രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതായും യുവതിയുടെ വാഗ്ദാനങ്ങളില്‍ പ്രേരിതനായി ഇയാള്‍ വാട്ട്സ്ആപ്പ് വഴി രഹസ്യരേഖകള്‍ അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളില്‍ നിന്ന് കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.

webdesk18:
whatsapp
line