X

വഖ്ഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സ്പീക്കർക്ക് നോട്ടീസ് നൽകി

വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വഖ്ഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖ്ഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണ്. വഖ്ഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖ്ഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നന്നായി നടന്നുവരുന്ന വഖ്ഫ് ബോര്‍ഡുകളെ തകര്‍ത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുന്ന വിവിധ വകുപ്പുകള്‍ ബില്ലിലുണ്ട്.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടു കാലം വ്യവസ്ഥാപിതമായി നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വഖ്ഫ് സ്വത്തുക്കളെയും സ്ഥാപനങ്ങളെയും സ്വന്തക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ സൗകര്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ ചെയ്യുന്നത്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിച്ചുരുക്കി, അതിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് ഇടപെടാനും വഖ്ഫ് ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനും ഉന്നംവെക്കുന്ന വകുപ്പുകളും പുതിയ ബില്ലിലുണ്ട്. കഴിഞ്ഞകാലത്തെ മാറിവന്ന സര്‍ക്കാറുകള്‍ വഖ്ഫ് പരിരക്ഷിക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമാണ് നിയമപരമായ നടപടികള്‍ കൈക്കൊണ്ടതെങ്കില്‍ ഈ സര്‍ക്കാര്‍ അതിനെ സ്വന്തമാക്കാനും അന്യാധീനപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോള്‍ പുതിയ നിയമങ്ങളുമായി വന്നിരിക്കുന്നത്. ഭരണഘടനാപരമായി സ്ഥാപിതമായ, ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളോട് ബന്ധപ്പെട്ട ധാര്‍മ്മികവും പവിത്രവുമായ സ്ഥാപനങ്ങളിലാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈവെക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളടക്കം രാജ്യത്തെ എല്ലാ മതേതരകക്ഷികളും പൊതുസമൂഹവും ഈ അന്യായമായ ബില്ലിനെ എതിര്‍ക്കും.

webdesk14: