എന്‍.എസ്.എസിന്റെ നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം തുടങ്ങി പൊലീസ്. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് നീക്കം. നിയമസാധുത പരിശോധിച്ചു. തുടര്‍നടപടി അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ആലോചനയില്‍. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരത്ത് നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസിന്റെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. നാലാഴ്ചത്തേക്കാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കാനുള്ള പോലീസിന്റെ നീക്കം.
അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നതെന്നും, അതിനാല്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് നിലനില്‍ക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമാനമായ കേസില്‍ സി.പി.എം നേതാവ് പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.