തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം പോകാൻ കൂട്ടാക്കാതെ വീട് വിട്ടിറങ്ങിയ അസം സ്വദേശിനിയായ പെൺകുട്ടി. കൗണ്‍സിലിങിനുശേഷം കുട്ടിയെ വീട്ടിലേക്ക് വിളിക്കാൻ മാതാപിതാക്കൾ എത്തിയെങ്കിലും പോകാൻ കുട്ടി തയാറായില്ല. കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെട്ടു. തുടർന്ന് പൊലീസ് എത്തിയാണ് മാതാപിതാക്കളെ തിരിച്ചയച്ചത്.
പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റിയതായി
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് ഷാനിബ ബീഗം പറഞ്ഞു. ഓഗസ്റ്റ് 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് സിഡബ്ലുസി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി. മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടിയന്ന് സിഡബ്ല്യുസിക്ക് മൊഴി നല്‍കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കുട്ടി അറിയിച്ചു.
ഒരാഴ്ചയ്ക്ക് ശേഷമുള്ള കൗണ്‍സിലിങ്ങിന് ശേഷമാണ് കുടുംബത്തെ കാണാനുള്ള അവസരം ഒരുക്കിയത്. വീട്ടിലേക്ക് വരാന്‍ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് കൊണ്ടുപോകാനായി ശ്രമം. പെണ്‍കുട്ടി ഇതിനെ എതിര്‍ക്കുകയും കരയുകയും ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറാകാതിരുന്ന കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു.