X

മുസ്‌ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ കലാപമില്ല; കാരണം അവിടെ ആര്‍.എസ്.എസില്ല: പ്രകാശ് രാജ്

ഇന്തോനേഷ്യയിലെ മതപരമായ വൈവിധ്യവും സൗഹാർദവും ഉയർത്തിക്കാട്ടിയ തമിഴ്‌ നടൻ പ്രകാശ് രാജിന്റെ പരാമർശം വീണ്ടും ചർച്ചയിൽ. മതപരമായ വൈവിധ്യങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്തോനേഷ്യയില്‍ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്ന് പ്രകാശ് രാജ് ചോദിച്ചിരുന്നു. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സോഷ്യല്‍ മീഡിയയിലെ തീവ്ര വലതുപക്ഷ പ്രൊഫലുകളെയും മുൻനിർത്തിയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

ഇന്ത്യയിലെ ഈ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇവരാണ് ഇന്ത്യയിലെ അശാന്തിയുടെയും കലാപങ്ങളുടെയും മൂലകാരണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

’90 ശതമാനം മുസ്‌ലിംകളും രണ്ട് ശതമാനം ഹിന്ദുക്കളുമുള്ള ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. മതപരമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും ഇന്തോനേഷ്യയില്‍ 11,000 ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അവിടെ ആര്‍.എസ്.എസ് ഇല്ലാത്തതിനാല്‍ രാജ്യത്ത് കലാപങ്ങളൊന്നും ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല,’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. 2023ല്‍ ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഇത് ഇന്തോനേഷ്യയിലെ മതസഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയുമാണ് പ്രകടമാക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് യുവാക്കളെ ജനാധിപത്യത്തിന്റെ ചിന്തയില്‍ നിന്ന് വഴിതിരിച്ചുവിടുന്നുവെന്നും പ്രകാശ് രാജ് പറയുകയുണ്ടായി. അഭിമുഖത്തിനിടയില്‍ പ്രകാശ് രാജ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സനാതന ധര്‍മവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അക്രമാസക്തമായി സംസാരിക്കുന്നവര്‍ ഹിന്ദുക്കളല്ല എന്ന് പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു വ്യക്തി കൂടിയാണ് പ്രകാശ് രാജ്. ദേശവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് നിരവധി തവണയാണ് ആര്‍.എസ്.എസ് പ്രകാശ് രാജിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പ്രകാശ് രാജ് ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നുവെന്ന് ചില ഹിന്ദുത്വ പ്രൊഫൈലുകള്‍ നേരത്തെ പ്രചരണം നടത്തിയിരുന്നു. ‘എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബി.ജെ.പി’ എന്നാണ് പ്രകാശ് രാജ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ‘എന്നെ വാങ്ങാന്‍ തക്ക  സമ്പന്നരല്ലെന്ന് അവര്‍ മനസിലാക്കിയിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്,’ എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ‘മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍’ തനിക്ക് പിന്നാലെയുണ്ടെന്ന് ജനുവരിയില്‍ പ്രകാശ് പറഞ്ഞിരുന്നു. താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകനാണെന്നും കെണിയില്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) അദ്ദേഹം വ്യക്തമാക്കിയിരുന്നു.

webdesk13: