ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.
ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.
സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.