അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതിയില്ല. അനുവാധമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ് അറിയിച്ചു. സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അണ്ണാമലൈ തുടക്കമിട്ടിരുന്നു.
48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുകയും ചെയ്തു.
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.