X

കരാറെടുക്കാന്‍ ആളില്ല; കാസര്‍കോട് കെഎസ്ആര്‍ടിസിയുടെ മില്‍മാ ബൂത്ത് നാശത്തിന്റെ വക്കില്‍

കാസര്‍കോട് ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ മില്‍മാ ബൂത്ത് നാശത്തിന്റെ വക്കില്‍. ജില്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച മില്‍മയുടെ ഫുഡ് ഓണ്‍ വീല്‍ സ്റ്റാളാണ് കാടുകയറി നശിച്ചിരിക്കുന്നത്. കരാറെടുക്കാന്‍ ആളില്ലാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സര്‍വ്വീസ് നടത്താത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വിവിധ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും വാടകയ്ക്ക് നല്‍കിയത്. ഇതില്‍ ഏറിയ പങ്കും സ്വന്തമാക്കിയത് മില്‍മയായിരുന്നു. 2022 ഒക്ടോബര്‍ 17 നാണ് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മില്‍മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം മാത്രമാണ് സര്‍വ്വീസ് നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി അടച്ചിട്ടതോടെ ട്രക്ക് കാടുകയറിത്തുടങ്ങി.

പുതിയ കരാറുകാരനെ ലഭിക്കാത്തതാണ് പ്രതിസന്ധിയെന്നാണ് മില്‍മയുടെ വിശദീകരണം. എന്നാല്‍ ഇതേ ട്രക്കിന് മുന്‍പിലായി അനധികൃതമായി കച്ചവടം ചെയ്തിട്ടും കെഎസ്ആര്‍ടിസി ഇവരെ ഒഴിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം. കെഎസ്ആര്‍ടിസിയില്‍ എന്ത് ആരംഭിച്ചാലും ഇതാകും അവസ്ഥ എന്ന പരിഹാസവും ഉയരുന്നുണ്ട്.

webdesk13: