കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ എഡിറ്റ് ഓപ്ഷന്‍ എത്തി. സന്ദേശം (മെസേജ്) അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല. 15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ഇങ്ങനെ എഡിറ്റ് ചെയ്യപ്പെട്ട മെസേജിനൊപ്പം എഡിറ്റഡ് എന്ന ലേബല്‍ ഉണ്ടാകും. എന്നാല്‍, എഡിറ്റ് ഹിസ്റ്ററി ആ മെസേജ് ലഭിക്കുന്നവര്‍ക്ക് കാണാനാവില്ല.
അതായത്, എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ആ മെസേജ് എന്തായിരുന്നുവെന്ന് അറിയാനാവില്ല. ഇത്തരം ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, സന്ദേശം അയക്കുന്ന ആള്‍ക്കും കിട്ടുന്ന ആള്‍ക്കും മാത്രമേ കാണാനും വായിക്കാനും കഴിയൂ. മുഴുവന്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ എഡിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടില്ല. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. എന്നാല്‍, ഏറെ വൈകാതെ എല്ലാവര്‍ക്കും ലഭ്യമായേക്കും. നിങ്ങള്‍ അയച്ച ഒരു മെസേജിന്റെ സ്‌പെല്ലിംഗ് തെറ്റിപ്പോയി, അല്ലെങ്കില്‍ നിങ്ങള്‍ ആ മെസേജിലെ ഉള്ളടക്കം തിരുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. നിലവില്‍ ചെയ്യാനാകുന്നത് അത് ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ്. എന്നാല്‍, ഇനിമുതല്‍ ഡിലീറ്റ് ചെയ്യാതെ തന്നെ മെസേജ് എഡിറ്റ് ചെയ്ത് തിരുത്താം. സന്ദേശം അയച്ച് 15 മിനിട്ടിനകം തിരുത്തണമെന്നു മാത്രം.