തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.
‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.
ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.
“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.