കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനക്കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് എതിരെ നടപടി വേണം. അഞ്ച് ജീവനക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും അതിജീവത ആരോപിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നും എന്ത് വന്നാലും പിന്നോട്ടില്ലെന്നും അതിജീവിത പറഞ്ഞു.
കേസില്‍ അധികൃതരുടെ ഭാ?ഗത്ത് നിന്ന് നീതികേടുണ്ട്. കുറ്റം ചെയ്തയാള്‍ പുറത്ത് ഇറങ്ങി വിലസുകയാണ്. പ്രിന്‍സിപ്പലിന് എതിരെയും നടപടി വേണമെന്ന് അതിജീവിത പറഞ്ഞു. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പീഡന പരാതി ഇല്ലാതാക്കാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണിയും, സമ്മര്‍ദ്ദവും ചെലുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അതിജീവിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാന്‍ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കിയിരുന്നു.