X

മണ്ണുമില്ല കല്ലുമില്ല; കരിപ്പൂരില്‍ റണ്‍വേ റീകാര്‍പറ്റിങ് നിലച്ചു; ഹജ്ജ് ഉൾപ്പെടെയുള്ള സര്‍വിസിനെ ബാധിക്കും

കരിപ്പൂർ വിമാനത്താവളത്തില്‍ റണ്‍വേ റീകാര്‍പറ്റിങ് പ്രവൃത്തി നിലച്ചു. വേഗത്തില്‍ മുന്നേറിയിരുന്ന പ്രവൃത്തി ആവശ്യമായ മണ്ണും മെറ്റലും ലഭിക്കാതെ വന്നതോടെയാണ് നിലച്ചത്. നാല് ദിവസമായി പ്രവൃത്തി പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

ക്വാറി സമരത്തെ തുടര്‍ന്ന് മെറ്റല്‍ ലഭിക്കാത്തതിനാലാണ് ടാറിങ് പ്രവൃത്തി നിര്‍ത്തിയത്. അതേസമയം, റണ്‍വേയുടെ ഇരുവശത്തും ഗ്രേഡിങ് പ്രവൃത്തിക്കാവശ്യമായ മണ്ണും ലഭിക്കുന്നില്ല. ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണാണ് ആവശ്യമുള്ളത്. മണ്ണെടുക്കുന്നതിനുള്ള സ്ഥലം ഉള്‍പ്പെടെ എല്ലാം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മണ്ണെടുക്കാന്‍ ജിയോളജി വിഭാഗത്തിന് നേരേത്ത അപേക്ഷ നല്‍കിയിട്ടുണ്ട്. കലക്ടര്‍ക്ക് നല്‍കിയിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.

പാരിസ്ഥിതികാനുമതിയുടെ നടപടി പൂര്‍ത്തിയാക്കണമെങ്കില്‍ മാസങ്ങളെടുക്കും. എന്നാല്‍, ദേശീയപാത വികസനത്തിന് മണ്ണെടുക്കുന്നതിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. സമാനമായി കരിപ്പൂരിനും നല്‍കണമെന്നാണ് ആവശ്യം. അനുമതി വൈകിയാല്‍ ഈ വര്‍ഷം കരിപ്പൂരില്‍നിന്ന് നിശ്ചയിച്ച ഹജ്ജ് സര്‍വിസിനെ ഉള്‍പ്പെടെ ബാധിക്കും. ജിയോളജി വകുപ്പുമായി വിഷയം സംസാരിക്കുമെന്ന് കലക്ടര്‍ പ്രതികരിച്ചു.

ജില്ല ഭരണകൂടം പ്രത്യേകാനുമതി നല്‍കിയാല്‍ തടസ്സങ്ങള്‍ നീങ്ങും. ഈ മാസം 17 മുതലാണ് ക്വാറി സമരം ആരംഭിച്ചത്. സമരമുള്ളതിനാല്‍ മുന്‍കൂട്ടി സംഭരിച്ചിരുെന്നങ്കിലും ഇവയും തീര്‍ന്നതോടെ പ്രവൃത്തി നിലച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ നിശ്ചിത സമയത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല.പ്രവൃത്തി നടത്താന്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ വിമാനസര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

webdesk13: