രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിനെതിരെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. റീടെയില്‍ പണപ്പെരുപ്പം കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
മൂലധനച്ചെലവുകള്‍ വെട്ടിച്ചുരുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.
ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികള്‍ നിറഞ്ഞുനിന്നിരുന്നു. ഇത് ബജറ്റ് ഒരുക്കങ്ങളേയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.