മലപ്പുറം ജില്ലയില്‍ നിപ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് 14 വയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാനമാകെ തന്നെ മുള്‍മുനയില്‍ ആണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ച് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ. ടി.മുഹമ്മദ് ബഷീര്‍ എംപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് കത്ത് നല്‍കി.
പൂനെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഈ കാര്യത്തില്‍ വലിയ പരിഭ്രാന്തിയുണ്ട്. ഇത്തരം വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ നടന്ന മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സൂചിപ്പിച്ചു.ജില്ലക്ക് അനുവദിച്ച വൈറോളജി ലാബ് ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനും രോഗ വ്യാപനം തടയാനുമുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ വിദഗ്ദരുടെ സേവനം ആവശ്യമാണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ നല്‍കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്‍കി. വി കെ ഹാരിസ് ബീരാന്‍ എം. പി യും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.