സിംബാബ്‌വെ ക്രിക്കറ്റ് മുന്‍ താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് സഹതാരം. സ്ട്രീക്കിനൊപ്പം സിംബാബ്‌വെ ടീമില്‍ കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിച്ചത്. ആദ്യം ഹെന്റി ഒലോംഗ തന്നെയാണ് സ്ട്രീക്കിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.
ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് താന്‍ സ്ഥിരീകരിക്കുന്നു. താന്‍ അല്‍പ്പം മുമ്പ് സ്ട്രീക്കുമായി സംസാരിച്ചു. തേര്‍ഡ് അംപയര്‍ തന്നെ തിരിച്ചുവിളിച്ചെന്ന് സ്ട്രീക്ക് പറഞ്ഞു. സ്ട്രീക്ക് ജീവിച്ച് ഇരിക്കുന്നതായും ഒലോംഗ വ്യക്തമാക്കി.
ഈ വര്‍ഷം മെയ് മാസത്തിലാണ് താരം അര്‍ബുദത്തിന് ചികിത്സ തേടിയത്. ഇന്ന് അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സ്ട്രീക്കിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 1990 കളിലും 2000 ങ്ങളിലും സിംബാബ്‌വെ ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായ താരമായിരുന്നു ഹീത്ത് സ്ട്രീക്ക്.
100 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ആദ്യത്തെയും ഏക സിംബാബ്‌വെ ബൗളറും 100 ഏകദിന വിക്കറ്റുകള്‍ നേടിയ നാല് സിംബാബ്‌വെ ബൗളര്‍മാരില്‍ ഒരാളുമാണ് സ്ട്രീക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 1000 റണ്ണുകളുടെയും 100 വിക്കറ്റുകളുടെയും ഡബിള്‍ തികച്ച ആദ്യത്തെയും ഏക സിംബാബ്‌വെക്കാരനും ഏകദിനത്തില്‍ 2000 റണ്‍സിന്റെയും 200 വിക്കറ്റിന്റെയും ഇരട്ട തികച്ച ആദ്യത്തെയും ഏക സിംബാബ്‌വെക്കാരനുമാണ് അദ്ദേഹം. തന്റെ ടെസ്റ്റ് കരിയറില്‍ ഏഴ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സിംബാബ്‌വെ ബൗളറുടെ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം എന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി.