ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍. സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ണാടകയില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എല്‍.എ പരിഹസിക്കുന്നുണ്ട്.
”നിരാഹാര സമരം കൊണ്ടോ ഒരു കവിളില്‍ അടിച്ചാല്‍ മറ്റേ കവിളും കാണിച്ചുകൊടുക്കുമെന്ന വാക്കുകള്‍ കേട്ടോ ഒന്നുമല്ല നമ്മള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ഭയം കാരണമാണ് നമ്മള്‍ക്കു സ്വാതന്ത്ര്യം കിട്ടിയത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. സുഭാഷ് ചന്ദ്രബോസാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു”മുന്‍ കേന്ദ്ര റെയില്‍വേടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി കൂടിയായ ബസന്‍ഗൗഡ വാദിച്ചു.
നേരത്തെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സ്വന്തമായ കറന്‍സിയും കൊടിയും ദേശീയഗാനമെല്ലാമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നെഹ്‌റുവല്ല, സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണെന്ന് പറയാൻ കാരണമെന്നും ബസന്‍ഗൗഡ പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുമുന്‍പും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ബി.ജെ.പി നേതാവാണ് ബസന്‍ഗൗഡ.