തിരുവനന്തപുരം നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ അരുള്‍ദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാഹനത്തിന്റെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അനധികൃത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും ബസില്‍ ഉണ്ടായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. കാട്ടാക്കട പെരുങ്കട വിളയില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ കാവല്ലൂര്‍ സ്വദേശിനി ദാസിനി(60) ആണ് മരിച്ചത്. കുട്ടികളടക്കം 49 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റുവെന്നാണു വിവരം. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ ഒറ്റശ്ശേരിമംഗലം സ്വദേശി അരുള്‍ ദാസിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയതിനെതിരെയുള്ള വകുപ്പുകള്‍ ആണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അമിതവേഗത്തില്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു മറിഞ്ഞു എന്നാണ് അരുള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.