X

നാരായണിക്ക് അന്ത്യയാത്ര; കണ്ണീരണിയിച്ച് അത്താണിയിലെ പെരുന്നാള്‍

ഫൈസല്‍ മാടായി

കണ്ണൂര്‍: എല്ലാ പെരുന്നാളിനും ഒത്തുചേരലിന്റെ ആഹ്ലാദം നിറയുന്ന അത്താണിയില്‍ സങ്കടം നിറക്കുകയായിരുന്നു
നാരായണിയുടെ മരണം. അഞ്ചാണ്ടായി സ്നേഹ പരിചരണത്തില്‍ ജീവിച്ച ആ കീഴുത്തള്ളിക്കാരിയെ ഒടുവില്‍ യാത്രയാക്കി ആചാരപൂര്‍വം.
ഉറ്റവരില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ സാന്ത്വനമായ ആയിക്കര അത്താണിയില്‍ മരിച്ച കീഴുത്തള്ളി താഴെചൊവ്വ വലിയപുരയില്‍ ഹൗസിലെ സി.വി നാരായണിയെയാണ് അത്താണിയുടെ കരുതലില്‍ അവരുടെ വിശ്വാസാചാരം അനുസരിച്ച് യാത്രയാക്കിയത്.

പെരുന്നാള്‍ ദിനത്തിലായിരുന്നു നാരായണിയുടെ മരണം. ഭര്‍ത്താവോ മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ അത്താണിയിലെത്തിയത് അഞ്ച് വര്‍ഷം മുമ്പാണ്. അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തിലാണ് പയ്യാമ്പലത്ത് സംസ്കരിച്ചത്. ആരോഗ്യ ശുശ്രൂഷയുള്‍പ്പെടെ അഞ്ച് വര്‍ഷവും അത്താണിയുടെ പരിചരണത്തില്‍ ജീവിച്ച നാരായണിയെ അന്ത്യ സമയത്തും അനാഥയല്ലെന്ന് തെളിയിക്കുന്നതായിരുന്നു സംസ്കാരം.

എല്ലാവരും പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയ വേളയില്‍ അത്താണിയിലെ അത്താണി പ്രവര്‍ത്തകരും അന്തേവാസികളും അന്തിമോപചാരം അര്‍പ്പിക്കുകയായിരുന്നു ആ സ്നേഹക്കൂട്ടില്‍. തുടര്‍ന്ന് മൃതദേഹം പയ്യാമ്പലത്തേക്ക് എടുക്കുകയായിരുന്നു. ഭര്‍ത്താവോ മക്കളോ ഉറ്റവരോയില്ലാത്ത നിരാലംബരായ സ്ത്രീകളെ പരിചരിച്ചുവരുന്ന കേന്ദ്രമാണ് അത്താണി.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തുന്ന സ്ഥാപനമാണ് അത്താണി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറിയുമായ പി ഷമീമയ്ക്കൊപ്പം ഭാരവാഹികളായി വിവിധ മേഖലകളിലെ 60 സ്ത്രീകളും അടങ്ങുന്നവരാണ് അത്താണിയുടെ സാന്ത്വന പ്രവര്‍ത്തന രംഗത്തുള്ളത്. സഫിയ മുനീറാണ് പ്രസിഡന്റ്.
ട്രഷറര്‍ താഹിറ അഷ്റഫ്. നാല് കെയര്‍ ഹോമുകളിലായി 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ 70 സ്ത്രീകളാണുള്ളത്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസവും നല്‍കിയാണ് അത്താണി പ്രവര്‍ത്തനം.

അന്തേവാസികളുടെ മാനസിക ഉല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കി നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാര്‍ നാല് കെയര്‍ ഹോമുകളിലായുണ്ട്. വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

webdesk13: